Tuesday 31 May 2011

ആളൊഴിഞ്ഞ പൂരപ്പറമ്പ്


ഒരായിരം വർണ്ണങ്ങൾ വരിവിതറിക്കൊണ്ടുള്ള കുടമാറ്റം...ഗജകേസരികളുടെ കൂടിക്കലരൽ...മേളക്കൊഴുപ്പ്...പുരുഷാരത്തിന്റെ ആർപ്പുകൾ...ഇനി,ഒരാണ്ടിന്റെ ഇടവേള...  







ആരുണ്ടിവിടെ എനിക്കൊന്നു കോർക്കാൻ....വടക്കുംനാഥ ക്ഷേത്രമൈതാനത്തുനിന്ന്..







Posted by Picasa

Monday 30 May 2011

മലയാളം നിർബന്ധമാക്കൽ - പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തി..

മലയാളിയുടെ ചിരകാല അഭിലാഷത്തിന്റെ പൂർത്തീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.കേരളത്തിലെ എല്ലാ സ്കൂളുകളിലും (സി,ബി.എസ്.സി,വി.എച്ച്.എസ്.സി ഉൾപ്പെടെ)മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ സർക്കാരിന്റെ തീരുമാനത്തെ വളരെ അഭിമാനത്തോടെയാണ് കേരളീയ സമൂഹം സ്വാഗതം ചെയ്തത്. അത് ഈ വർഷം തന്നെ നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നു - ഈ വർഷം നടപ്പിലാക്കാൻ കഴിയില്ലയത്രെ!അതിന് പറയുന്ന കാരണം ഇതാണ് - ഐ.റ്റി യുടെ പീരീഡ് എടുക്കുന്നത് അഭിലഷണീയമല്ലത്രെ!ഐ.റ്റി.സെക്രട്ടറി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്..
ഈ പറയുന്ന കര്യത്തിൽ കഴമ്പുണ്ടോ? ഐ.റ്റിക്ക് പീരീഡ് നീക്കിവയ്ക്കുന്നത് തന്നെ അവസാനിപ്പിക്കേണ്ട കാലമായില്ലേ..ഓരോ വിഷയത്തിനും ഐ.റ്റി അധിഷ്ഠിത പരിശീലനമാണ് നൽകിവരുന്നത്..അപ്പോൾ പ്രത്യേകമായി .....

നമ്മുടെ സാംസ്കാരിക നായകന്മാർ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകിയിട്ടുണ്ട്.

മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നടത്താം എന്നുവരുന്നത് ഒരു നാടിനും ഭൂഷണമല്ലതന്നെ. നാടിന്റെ ചരിത്രവും സസ്കാരവും അറിയാതെ....
അതൊരു വളയമില്ലാത്ത ചാട്ടമാണ്,നിശ്ചയമായും..






Sunday 29 May 2011

കേരള സിലബസിലെ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കരുത്..

പ്ലസ്-വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടുമെന്റ് വന്നുകഴിഞ്ഞു.ജൂൺ - 6ന് ആദ്യ അലോട്ടുമെന്റ് നടക്കും.


എസ്.എസ്.എൽ.സി പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തി,കൃത്യ സമയത്തുതന്നെ റിസൾട്ടും പ്രസിദ്ധീകരിച്ചു..പ്ലസ്-വൺ അഡ്മിഷനുള്ള ടെംടേബിളും പുറത്തിറക്കിക്കഴിഞ്ഞു..

 സി.ബി.എസ്.സി കുട്ടികൾക്കുകൂടി അവസരം നൽകാൻ വേണ്ടി രണ്ടാംഘട്ട അലോട്ടുമെന്റിൽ സൌകര്യം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.ആ കുട്ടികൾക്ക് അവസരം ലഭിക്കേണ്ടതുതന്നെ.പക്ഷെ, അത് ഇടയ്ക്കുവച്ചാകുമ്പോൾ ശിക്ഷ അനുഭിക്കേണ്ടിവരുന്നത് കേരള സിലബസിലുള്ളവരാണ്.അവർക്ക് ആദ്യം ലഭിക്കുന്ന അലോട്ടുമെന്റുകൾ പലപ്പോഴും സൌകര്യപ്രദമായ സ്കൂളുകൾ ആവണമെന്നില്ല.തുടർന്നുള്ള അലോട്ടുമെന്റുകളിലാണ് ആ അവസരം ലഭിക്കുന്നത്..ഇപ്പോൾ ഇടയ്ക്കുവച്ച് ഒരു വിഭാഗത്തെക്കൂടി തിരുകിക്കയറ്റുമ്പോൾ .....

സി.ബി.എസ്.സി യുടെ റിസൾട്ടുവരുന്നതുവരെ കാത്തുനിൽക്കണമെന്ന് പറയുന്നത് അനീതിയല്ലേ..അവർക്ക് നേരത്തേ റിസൾട്ട് പ്രഖ്യാപിക്കാൻ ലഴിയേണ്ടതല്ലേ..അനാസ്ഥയല്ലേ യഥാർത്ഥ കാരണം?

സി.ബി.എസ്.സി.യിൽ ഇപ്പോൾ ബോർഡ് പരീക്ഷ നിർബന്ധമല്ല!വേണെമെങ്കിൽ എഴുതാം.അത്രതന്നെ..ബോർഡ് പരീക്ഷ എഴുതാത്തവർക്ക് സ്കൂളുകാർ ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തി മാർക്കിടും..എത്ര സുന്ദരമായ അവസ്ഥ...സ്കൂളുകാർ വാരിക്കോരി നൽകിയ മാർക്കുമായാണ്, ഒരു കൂട്ടം പേർ മാന്യമായി പൊതുപരീക്ഷ എഴുതിയവരോടൊപ്പം ഏകജാലകത്തിനെത്തുന്നത്..

സി.ബി.എസ്.സി ക്കാർക്ക് അവർ പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ തുടർ പഠനത്തിന് അവസരം ഉണ്ടാവേണ്ടതാണ്.അല്ലെങ്കിൽ പത്താം ക്ലാസ്സിൽ കേരള സിലബസിൽ ചേരുക..അതുമല്ലെങ്കിൽ സമയത്ത് പരീക്ഷാഫലം(?)പ്രസിദ്ധീകരിക്കുക...



Wednesday 25 May 2011

കുട്ടികളുടെ വെള്ളംകുടി മുട്ടിച്ചതാര്

ഗവ.എച്ച്.എസ്.എസ്,വിളവൂർക്കലിലേക്കുള്ള വാട്ടർ കണക്ഷൻ ജലാതോറിറ്റി കട്ടുചെയ്തിരിക്കുന്നു!രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വെള്ളം കിട്ടിയിരുന്നത്.അത് ടാങ്കിൽ ശേഖരിച്ച് നൽകുകയാണ് ചെയ്തിരുന്നത്.

സ്കൂളിലെ കിണറ്റിൽ നിന്ന് കുറച്ചു വെള്ളമേ ലഭിക്കുകയുള്ളൂ..800 ലേറെ കുട്ടികൾക്കും അധ്യാപകർക്കും അത് തികയുകയില്ല..ലൈനിലെ വെള്ളം നിലച്ചാൽ കുട്ടികളുടെ വെള്ളംകുടി മുട്ടിയതുതന്നെ..

അവധിക്കാലത്താണ് കണക്ഷൻ കട്ടുചെയ്തിരിക്കുന്നത്.അടുത്ത ആഴ്ച സ്കൂൾ തുറക്കുമ്പോൾ വെള്ളപ്രശ്നം രൂക്ഷമാകും..അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് സ്കൂൾ അധികാരികൾ..

കുടിശ്ശികയായി രണ്ടുലക്ഷത്തിലേറെ രൂപ അടയ്ക്കാനുണ്ടെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്..കാലാകാലങ്ങളിൽ പ്രധാന അധ്യാപകരായിരുന്നവരുടെ അനാസ്ഥയാണിതെന്ന് പറയപ്പെടുന്നു.അതോറിട്ടി കൃത്യമായി ബില്ല് നൽകാറില്ലെന്നും കേൾക്കുന്നു..അനേകം വർഷങ്ങളുടെ കുടിശ്ശികയാണ് ഈ തുക.ഇത് ഉടനെ അടച്ചില്ലെങ്കിൽ .....

ഭൂരിഭാഗവും ദരിദ്രകുട്ടികൾ പഠിക്കുന്ന  സ്കൂളാണിത്.വിളവൂർക്കൽ പഞ്ചായത്തിലെ ഒരേ ഒരു ഹയർ സെക്കണ്ടറി സ്കൂൾ(ഹൈസ്കൂളും).പി.ടി.എ ഫണ്ടായി ലഭിക്കുന്നത് നാമമാത്രമായ തുകയാണ്..കുടിശ്ശിക തുക സ്കൂൾ അടയ്ക്കുന്നത് അസംഭവ്യമാണ്!

ആരാണിതിന്റെ ഉത്തരവാദികൾ..ഒരുപാട് പ്രധമാധ്യാപകരുടെ പേരുകൾ പറയേണ്ടിവരും..പെൻഷൻ പറ്റിപ്പിരിഞ്ഞവർ..ഇഹലോകവാസം വെടിഞ്ഞവർ..

കുട്ടികൾക്ക് വെള്ളം ലഭിക്കാതിരിക്കുന്നത് ഒരു സാമൂഹ്യപ്രശ്നമാണ്.

കുടിവള്ളം സൌജന്യമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണം..വൈദ്യുതി ചാർജ് ജില്ലാപഞ്ചായത്താണ് അടയ്ക്കുന്നത്.അതിനേക്കാൾ പ്രധാനമായ കുടിവെള്ളം മുട്ടിക്കാൻ പാടുള്ളതല്ല..

പണ്ട് ആരോ ചെയ്ത കുറ്റത്തിന് ഇന്നത്തെ കുട്ടികളേയും അധ്യാപകരേയും ശിക്ഷിക്കുന്നത് ശരിയല്ലതന്നെ!









Sunday 15 May 2011

കേന്ദ്ര വിദ്യാഭ്യാസ നിയമം കേരളത്തിലെ കോൺഗ്രസ് അതേപടി നടപ്പിലാക്കുമ്പോൾ..

എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം എന്നതാണ് കേന്ദ വിദ്യാഭ്യാസ നിയമത്തിന്റെ കാതൽ.അത് നല്ല കാര്യം തന്നെ.സംശയമില്ല.എന്നാൽ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ആ നിയമത്തിലെ ഒട്ടേറെ നിർദ്ദേശങ്ങൾ നമുക്ക് അനുയോജ്യമല്ല എന്നതും കാണേണ്ടതാണ്.




വി.എസ്.സർക്കാർ അതുകൊണ്ടാണ് ചില സമിതികളെ നിയമിച്ചുകൊണ്ട് വിശദമായ പഠനം നടത്താൻ തയ്യാറായത്.കെ.എസ്.റ്റി.എ നന്നായി ഹോവർക്കു ചെയ്ത് ഒട്ടേറെ നിർദ്ദേശങ്ങൾ ഗവണ്മെന്റിനു മുന്നിൽ വയ്ക്കുകയുണ്ടായി.അവയ്ക്കൊക്കെ ഇനി എന്തു സംഭവിക്കും ?

അങ്ങനെ ആശങ്കപ്പെടാൻ മതിയായ കാരണങ്ങളുണ്ട്.യു.ഡി.എഫ് പറയുന്നത് കേന്ദ്ര നിയമം അതുപോലെ നടപ്പാക്കണമെന്നാണ്!ജി.എസ്.ടി.യു എന്ന അധ്യാപക സംഘടനയും ആ ആവശ്യമാണ് മുന്നോട്ടുവച്ചിട്ടുള്ളത്.അങ്ങനെ സഭവിച്ചാൽ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവരും.(കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അൺ-എക്കണോമിക്ക് എന്ന പേരുപറഞ്ഞ് മുവായിരത്തോളം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനിച്ചതായിരുന്നു.ഇടതു സർക്കാർ അതിന്മേൽ ഒരു നടപടിയും കൈക്കൊണ്ടില്ല,എന്നുമാത്രമല്ല പൊതു വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു.)പതിനായിരക്കണക്കിന് അധ്യാപകർക്ക് ജോലി പോകും.!!

എൽ.പി. സെക്ഷനിലേക്ക്  അഞ്ചാം ക്ലാസുകൂടി ചേർക്കപ്പെടും,യു.പി.യിൽ എട്ടാം ക്ലാസും.അഞ്ചാം ക്ലാസ് യു.പിയിൽ നിന്ന് അടർത്തി മാറ്റുമ്പോൾ യു.പി.യിൽ കുറേ അധ്യാപകർ അധികമാവും.എച്ച്.എസിൽ നിന്ന് എട്ട് മാറ്റുമ്പോൾ പതിനായിരം അധ്യാപകരെങ്കിലും പുറത്തുപോകേണ്ടിവരും!

മൂന്നു തരത്തിലുള്ള വിദ്യാലയങ്ങളാണല്ലോ കേരളത്തിലുള്ളത്.സർക്കാർ,എയിഡഡ്,അൺ-എയിഡഡ്.എ.ൽ.പി യിൽ അഞ്ചാം ക്ലാസ് വരുമ്പോൾ പുറത്താകുന്നസർക്കാർ  യു.പി. അധ്യാപകനെ എയിഡഡ് സ്കൂൾ കൈക്കൊള്ളുമോ?അതുപോലെ തിരിച്ചും..അതൊന്നും നടക്കുന്ന കാര്യമേയല്ല..

കുട്ടിയ്ക്ക് എപ്പോൾ വേണമെങ്കിലും സ്കൂളിൽ നിന്ന് മാറിപ്പോകാം.എവിടെയും ചേരാം .റ്റി.സി.ഒന്നും നിർബന്ധമല്ലെന്നാണറിയുന്നത്.!അൺ-എയിഡഡിൽ പഠിക്കുന്ന കുട്ടിയ്ക്കും സർക്കാർ 25% ഫീസുകൊടുക്കണം.!

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ പ്രശ്നങ്ങൾ ഈ നിയമം സൃഷ്ടിക്കും എന്നതാണ് വസ്തുത.ഇത് കേരളീയരെ അസ്വസ്ഥരാക്കേണ്ടതല്ലേ...







Saturday 14 May 2011

പ്രകൃതിയുടെ വരദാനം

കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ മുന്നിലെ കാഴ്ചയാണിത്..
എത്ര നയനാഭിരാമമാണ്..
വിശ്വ ശില്പിയുടെ അനന്വയമായ വൈഭവം..
അത്,സർവ്വ ചരാചരങ്ങൾക്കും തണലേകിക്കൊണ്ട്..
ആരോടും പരിഭവമില്ലാതെ..
സമഭാവനയുടെ സന്ദേശം വിനിമയം ചെയ്തുകൊണ്ട്..
അതെ,
പ്രകൃതി പഠിപ്പിക്കുന്നത് അതാണ് - പരോപകാരത്തിന്റെ പാഠം..
എന്നിട്ടും ഒന്നും പഠിക്കാതെ,
എല്ലാം പഠിച്ചെന്ന് അഹങ്കരിച്ച്,
നാം ,മനുഷ്യർ,
മണ്ടിയോടുന്നത് എങ്ങോട്ടാണ്..?